ചേടിച്ചേരി: ഭീകരവാദികളും തീവ്രവാദികളും ചെയ്യാന്‍ മടിക്കുന്ന രീതിയിലുളള അരും കൊലകളാണ് സിപിഎം ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. യുഡിഎഫ് 150-ാം ബൂത്ത് കുടുംബ സംഗമം ആലുംമുക്കില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ കൈയില്‍ വടിവാളും ബോംബും കൊടുത്ത് കൊലയാളികളാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകങ്ങളുടെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. കൊലയാളികളെ പിണറായി സഹായിക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ ആയുധം വോട്ടാണ്. നമ്മുടെ വീടുകളിലെ പ്രായമായവരെ മയക്കിയെടുത്ത് ഓപ്പണ്‍ വോട്ട് ചെയ്യുന്നതട്ടിപ്പാണ് സിപിഎം ചെയ്യാറ്. ഇത്തവണയും അങ്ങനെ തട്ടിപ്പുമായി രംഗത്ത് വരും. ഇപ്പോള്‍ വി.വി.പാറ്റ് സംവിധാനമുണ്ട.് നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് തിരിച്ചറിയാന്‍ പറ്റും എന്നൊക്കെ പറഞ്ഞാണ് വരിക.
ഇത് ജനങ്ങള്‍ തിരിച്ചറിയണം. അതിനെ കരുതിയിരിക്കണമെന്നും സതീശന് പാച്ചേനി പറഞ്ഞു. കെ.വി.നാരായണന് അധ്യക്ഷത വഹിച്ചു, സോണി സെബാസ്റ്റ്യന്‍, ബേബി തൊലാനി, കെ. ടി.അനസ്, പി.വി.പ്രേമലത, കെ.വി.പത്മനാഭന്, എ.എം.വിജയന്, വി.രാമചന്ദ്രന്, വി.സി.രാജീവന്, വി.വി.കുഞ്ഞികൃഷ്ണന്, വി.ടി.പത്മാസനന്‍ എന്നിവര്‍ പ്രസംഗിച്ചു.