കണ്ണൂർ: കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേത് ഉൾപ്പടെയുള്ള നിർദേശങ്ങൾ പ്രകാരമാണ് ചികിത്സ പുരോഗമിച്ചിരുന്നത്.
എന്നാൽ വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
2001ൽ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരേ മത്സരിച്ചതോടെയാണ് സതീശൻ പാച്ചേനി കോൺഗ്രസിൽ ശ്രദ്ധേയനായത്.
2016 മുതൽ 2021വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. 1999ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റുമായിരുന്നു.
കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയ കർമ നിരതനായ നേതാവായിരുന്നു അദ്ദേഹം.
നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സഖാവ് പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ് അദ്ദേഹം. സ്ഥാനമുള്ളപ്പോഴും, ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് സതീശൻ പാച്ചേനിയെ ജനകീയനാക്കിയത്.