കണ്ണൂർ: പെൻഷൻകാർക്ക് സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, കുടിശികയായ രണ്ടുഗഡു ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ധർണ ഉദ്ഘാടനം ചെയ്തു. സിപിഎമ്മുകാർക്കും അനുഭാവികൾക്കും മാത്രം സർക്കാരിന്റെ സഹായങ്ങൾ ലഭിക്കുകയും മറ്റുള്ളവർക്ക് ചവിട്ടുകൊടുക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഖജനാവിൽ പണമില്ലെന്ന് മന്ത്രിമാർ പാടിനടക്കുകയും അതേസമയം സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ലക്ഷക്കണക്കിന് പണം ചെലവഴിച്ച് ധൂർത്തടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, പി. അബൂബക്കർ, കെ.വി. ഭാസ്കരൻ, അപ്പു കണ്ണാവിൽ, രവീന്ദ്രൻ കൊയ്യോടൻ, പി.സി. വർഗീസ്, സി.പി. ചന്ദ്രാംഗദൻ, തങ്കമ്മ വേലായുധൻ, കെ.എൻ. പുഷ്പലത തുടങ്ങിയവർ പ്രസംഗിച്ചു.