കണ്ണൂർ: ക്ഷേമസങ്കല്പ പ്രവർത്തനങ്ങളിൽനിന്ന് ഭരണകൂടങ്ങൾ പിൻവലിയുന്ന സമകാലിക സാഹചര്യത്തിൽ സ്വാശ്രയ സംഘങ്ങൾ സ്വയം ശക്തിപ്പെട്ട് വരുമാന വർധക പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു വരണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ നേതൃയോഗം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സബ്സിഡികളും മറ്റ് സഹായങ്ങളും നല്കുന്നതിൽ നിന്ന് സർക്കാർ പിറകോട്ടുപോകുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതക്കൾ സൃഷ്ടിക്കുമെന്നും ഇത്തരം വെല്ലുവിളികൾ നേരിടാൻ ജനശ്രീ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ പരിശ്രമിക്കണമെന്ന് പാച്ചേനി പറഞ്ഞു.
ദേശീയ താല്പര്യത്തിനനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ തളർത്താൻ ഇടതുപക്ഷ സർക്കാർ പരിശ്രമിക്കുകയാണെന്നും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കാൻ സാധ്യമല്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. എം. രത്നകുമാർ, വി.എൻ. എരിപുരം, ഡോ. കെ.വി. ഫിലോമിന, രാജീവൻ എളയാവൂർ, പടിയൂർ ബാലൻ, എം.പി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.