പയ്യന്നൂര്‍: പശ്ചിമബംഗാളില്‍ ചെയ്തതുപോലെ വയലുകൾ കുത്തകകള്‍ക്കു തീറെഴുതി കൊടുക്കാനാണ് ഇടതുനീക്കമെന്നു ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനം മുതല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാളില്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ഇന്ത്യോനേഷ്യയിലെ കുത്തകകള്‍ക്കു കൊടുക്കാനായി പാവങ്ങളെ വെടിവച്ചു വീഴ്ത്തി. എന്നാല്‍ കേരളം പ്രബുദ്ധമാണ്. വളരെയധികം ഗൗരവമുള്ള വിഷയമാണിത്. വളരെയധികം ആഴത്തിലുള്ള പഠനങ്ങള്‍ക്കു ശേഷമാണു പരിസ്ഥിതി സ്നേഹികള്‍ സമര രംഗത്തിറങ്ങിയത്. അല്ലാതെ ഈ സമരം വികസനത്തിനു തുരങ്കംവയ്ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനു മനുഷ്യമുഖമാണു വേണ്ടത്. ജനങ്ങള്‍ക്കു ദുരിതം സമ്മാനിക്കലല്ല വികസനത്തിന്റെ ലക്ഷ്യം. ഭാവിയിലും ഇവിടെ ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. നരേന്ദ്രമോദി ആര്‍സിഇപി കരാറില്‍നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതു ജനങ്ങളുടെ പ്രതിഷേധത്തിന്റെ വിജയമാണ്.
ശരിയേതെന്നു കണ്ടെത്തി അതിന്റെ കൂടെ നില്ക്കലാണു രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയെന്നതിനാല് കോണ്‍ഗ്രസ് ഈ സമരത്തിനുള്ള പിന്തുണ ഒന്നുകൂടി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ കെ.ജയരാജ്, എ.പി.നാരായണന്, ഡി.കെ. ഗോപിനാഥ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.