കണ്ണൂർ: ജില്ലയിൽ ക്രമസമാധാനം കൈകാര്യം ചെയ്യുന്നത് നവ ഗോപാലസേനയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ക്രമസമാധാന ചുമതല വഹിക്കേണ്ട പോലീസാകട്ടെ ഭക്ഷണ വിതരണവും ഫുട്ബോൾ മത്സരവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാച്ചേനി.
ജില്ലയിൽ പല ഭാഗത്തും ഭരണത്തിന്റെ തണലിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കൾക്ക് നേരെ സിപിഎം ക്രൂരമായ അക്രമങ്ങൾ നടത്തി ഭീകരത സൃഷ്ടിക്കുകയാണ്. 1967ൽ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ എ.കെ. ഗോപാലൻ രൂപീകരിച്ച ഗോപാല സേനയുടെ പിൻമുറക്കാരായി നവ ഗോപാലസേന രൂപമെടുത്തതിന്റെ തെളിവാണ് സിപിഎം നടത്തുന്ന അക്രമങ്ങളെന്നും പാച്ചേനി പറഞ്ഞു.
എടയന്നൂർ ക്ലബിൽ കയറി സിഐടിയു പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തി. അക്രമത്തിൽ നിരവധി കെഎസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു. എടയന്നൂരിലെ കോൺഗ്രസ് ഓഫീസും അടിച്ച് തകർത്തു. പോലീസ് സ്റ്റേഷൻ കോബൗണ്ടിൽ വച്ചു പോലും കെഎസ് യു പ്രവർത്തകരെ ആക്രമിച്ചു.
മാടായി കോളേജിൽ കെഎസ് യു നേതാവും മുൻ യൂണിറ്റ് വൈസ് പ്രസിഡന്റുമായ അക്ഷയ് കൃഷ്ണനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മാരകായുധങ്ങൾ കൊണ്ട് മർദിച്ചു. തടയാൻ ചെന്ന അധ്യാപകരെ പോലും ഇവർ വെറുതെ വിട്ടില്ല. ദിവസങ്ങൾക്കു മുന്പ് അക്ഷയ് യുടെ വീട്ടിൽ കയറിയും ആക്രമണം നടത്തിയിരുന്നു. ഇന്നലേയും കരിപ്പാലിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു.
പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ.ടി. സരീഷ് കുമാറിനെ കഴിഞ്ഞ ദിവസം രാത്രി മാക്കുനിയിൽ വച്ച് സിപിഎം പ്രവർത്തകർ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പയ്യാവൂർ പൈസക്കരി ദേവമാത കോളേജിലെ വിദ്യാർഥികളേയും ക്രൂരമായി അക്രമിച്ചു.
പയ്യന്നൂർ കോളജിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കെഎസ് യു ബ്ലോക്ക് സെക്രട്ടറി ശ്രാവണിനെ എസ്എഫ്ഐക്കാർ ചേർന്ന് കോളജിൽ നിന്നാക്രമിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമാകുന്ന പുതുതലമുറയെ അക്രമിച്ച് സംഘടനാ പ്രവർത്തനത്തിൽ നിന്നും പുറകോട്ടടിപ്പിക്കാനുള്ള ബോധപൂർവമായ സിപിഎം പദ്ധതിയാണ് ഇത്തരം അക്രമത്തിലൂടെ പുറത്ത് വരുന്നതെന്നും പാച്ചേനി ആരോപിച്ചു.