കണ്ണൂർ: വടകര ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ.ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആശ്യപ്പെട്ട് 13ന് രാവിലെ 10 മുതൽ തലശേയിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഏകദിന ഉപവാസം നടത്തും. നിയുക്ത എംപി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടവരും കോടതിയിൽ കീഴടങ്ങിയവരുമായ പ്രതികൾ സിപിഎമ്മിന്റെ നാല് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലുള്ള പ്രവർത്തകരാണ്. ക്രിമിനൽ പ്രവർത്തനത്തിന് ഇവരെ ഏകോപിപ്പിച്ച് നസീറിനെ വധിക്കാൻ ശ്രമിച്ച കൃത്യത്തിന് ചുക്കാൻ പിടിച്ചത് ഷംസീർ എം.എൽ.എയാണ് എന്ന സി.ഒ.ടി.നസീറിന്റെ മൊഴി വളരെ പ്രസക്തവും കൃത്യതയോടെ പോലീസ് പരിശോധിക്കേണ്ടതുമായിരുന്നുവെന്ന് സതീശൻ പാച്ചേനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 18ന് രാവിലെ 10 മുതൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വീഴ്ച വരുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പോളിംഗ് സ്റ്റേഷനുകളിലെ വെബ് കാമറ ദൃശ്യങ്ങളും വീഡിയോ കാമറദൃശ്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് കെ.സുരേന്ദ്രൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്ത ജില്ലാ വരണാധികാരി നിയമസംവിധാനത്തെ തകർക്കുന്നതിനും ജനാധിപത്യത്തെ അപഹസിക്കുന്നതിനും കൂട്ടുനില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും പങ്കെടുത്തു.