തിരുവനന്തപുരം: 19 കോടി രൂപയുടെ ചെക്കുകേസിൽ അജ്മാനിൽ അറസ്റ്റിലായ ബിഡിജഐസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശൻ.
നൂറുകണക്കിന് മലയാളികൾ ചെക്ക് കേസിൽപെട്ട് ഗൾഫിലെ ജയിലിൽ കിടക്കുന്നുണ്ടെന്നും അവർക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എൻഡിഎ കണ്‍വീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് സതീശൻ ചോദിച്ചു. പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ ഗൾഫിൽ ചെക്ക് കേസിൽ പെട്ടിട്ടുപോലും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും സതീശൻ പരിഹസിച്ചു.
തുഷാർ വെള്ളാപ്പള്ളിക്കു നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചത്. തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം അജ്മാനിലെ ഹോട്ടലിൽനിന്നാണ് തുഷാറിനെ അറസ്റ്റ് ചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി തുഷാറിനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുകൂടിയാണ് തുഷാർ.