കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ അകത്തുള്ള ഗുണ്ടകളെ പുറത്താക്കിയില്ലെങ്കിൽ ജനങ്ങൾ അകത്തുകയറി വലിച്ചുപുറത്തിടുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. വിവരാവകാശ അപേക്ഷ നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകനായ ശ്രീജിത്തിനെ കോർപറേഷനിലെ താത്കാലിക ഡ്രൈവർമാരും കൗൺസിലറും ചേർന്നു മർദിച്ചതിൽ പ്രതിഷേധിച്ച് എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരം നേരെചൊവ്വെ കൊണ്ടുപോകുവാൻ സാധിക്കാത്തതുകൊണ്ടാണ് കോർപറേഷൻ ഭരണാധികാരികളും ഗുണ്ടകളും ചേർന്ന് അക്രമം അഴിച്ചുവിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കണ്ണൂർ കോർപറേഷൻ വരെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണ്.
പൗരാവകാശമുള്ള നാട്ടിൽ ഒരു ചെറുപ്പക്കാരനെ കൗൺസിലറുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ മർദ്ദിക്കുകയാണ്. ഇങ്ങനെ ആവശ്യങ്ങളുമായി കോർപറേഷനിൽ വരുന്നവരെ മർദിക്കാൻ തുടങ്ങിയാൽ ഞങ്ങൾക്കും പണി നോക്കാനറിയും. പോലീസിന്റെ പണി കൂട്ടരുത്. അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കണ്ണൂർ കോർപറേഷന് തെരുവുവിളക്ക് പോലും സ്ഥാപിക്കാൻ സാധിക്കുന്നില്ല.
ശ്രീജിത്തിനെ മർദിക്കാൻ നേതൃത്വം നൽകിയ കോർപറേഷൻ കൗൺസിലർ ബാലകൃഷ്ണനെതിരേയും കേസെടുക്കണം. കോർപറേഷനകത്ത് പ്രതിപക്ഷം ചില ആവശ്യങ്ങൾ ഉന്നയിച്ചാൽ കാണിച്ചുതരാമെന്നാണ് പ്രതിപക്ഷത്തോട് ഭരണകക്ഷി ഗുണ്ടാ കൗൺസിലർമാർ പെരുമാറുന്നത്. ഇതു തുടർന്നാൽ ഞങ്ങൾ ഇതിനെ പൊടിച്ചടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. രത്നകുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, റിജിൽ മാക്കുറ്റി, കെ.കെ. ഭാരതി, പി. രാഗിണി, ഉഷാകുമാരി, ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു. അക്രമത്തിനിരയായ ശ്രീജിത്തും മാർച്ചിൽ പങ്കെടുത്തു.