സിസ്റ്റർ അമല വധക്കേസ്: പ്രതി സതീഷ് നായർക്ക് ജീവപര്യന്തം തടവും പിഴയും; വിധി മൂന്നുവർഷങ്ങൾക്ക് ശേഷം

പാലാ: പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്‍റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്.

കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു കടന്നതിന് ഏഴ് വർഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു.

അറസ്റ്റിനു ശേഷം 1,182 ദിവസം ജയിലിൽ കിടന്നതിനാൽ പ്രതി ഇതുകുറച്ചു ശിക്ഷ അനുഭവിച്ചാൽ മതി. കോടതി വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗത്തിന്‍റെയും വാദം കേട്ടിരുന്നു. കൊലപാതകം, മാനഭംഗം, ഭവനഭേദനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം, അമ്മയുടെ വാർധക്യം, മകന്‍റെ സംരക്ഷണം എന്നിവ പരിഗണിച്ച് ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗവും അഭ്യർഥിച്ചു. വാദങ്ങൾ കേട്ട കോടതി ശിക്ഷാവിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു.

പാലാ അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ. കമനീസ് മുന്പാകെയാണ് കേസ്. 2015 സെപ്റ്റംബർ 16ന് അർധരാത്രിയാണ് മഠത്തിലെ മുറിയിൽ സിസ്റ്റർ അമല കൊല ചെയ്യപ്പെട്ടത്.

Related posts