ഡാജി ഓടയ്ക്കല്‍
ഭീമനടി: കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തിരുന്ന ഒരു വീട്ടമ്മ.
പിന്നെ സ്വന്തമായി പലഹാരങ്ങളുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും ചായക്കടകളിലും മറ്റും കാല്‍നടയായി എത്തിച്ചുനല്‍കി.
പിന്നീട് ഭീമനടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ സ്വന്തമായി ചെറിയൊരു ചായക്കട തുടങ്ങി.
ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും മൂലം കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു.
കൂടിയ വാടകയ്ക്ക് പുതിയൊരു മുറി എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വീണ്ടും പലഹാരങ്ങളുടെ വിതരണത്തിലേക്ക് മടങ്ങേണ്ടിവന്നു.
അന്നുമുതല്‍ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പലഹാരങ്ങളുണ്ടാക്കി ഭീമനടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ചായക്കടകളില്‍ എത്തിച്ചുതുടങ്ങിയ സതി എന്ന വീട്ടമ്മ ഇപ്പോള്‍ പലഹാരങ്ങളുമായി പോകുന്നത് സ്വന്തം കാറിലാണ്.
പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ വേറൊന്നുമില്ലെന്ന് തെളിയിച്ച സതിയുടെ ജീവിതം പ്രശ്നങ്ങളില്‍ മനസുമടുത്ത് എല്ലാം വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ്.
കാല്‍നടയായും ബസിലും പലഹാരങ്ങള്‍ കൊണ്ടുപോകുന്നതിന് സ്ഥലത്തിന്റെയും സമയത്തിന്റെയും കുറവ് പ്രശ്നമായപ്പോഴാണ് സ്വന്തമായി ഒരു ടൂവീലറെടുത്തത്.
ഇതോടെ കൂടുതല്‍ ദൂരസ്ഥലങ്ങളിലേക്ക് സാധനങ്ങളെത്തിച്ചു നല്കാന് വഴിയൊരുങ്ങി.
ഇപ്പോള്‍ കാറുവാങ്ങിയതോടെ എല്ലാ ദിവസവും കൊന്നക്കാട് മുതല്‍ ഭീമനടി, നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് വരെയുള്ള ഭാഗങ്ങളില്‍ പലഹാരങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്.
നിറയെ കൊതിയൂറുന്ന പലഹാരങ്ങളുമായി അതിരാവിലെ സ്വന്തമായി കാറോടിച്ചു പോകുന്ന സതി ഇപ്പോള്‍ മലയോരമേഖലയിലെല്ലാം ഏറെ പരിചിതയായിക്കഴിഞ്ഞു.
വിദേശങ്ങളിലേക്ക് യാത്ര പോകുന്നവര്‍ വരെ പ്രത്യേകം ഓര്‍ഡര്‍ നല്കി സതിയുടെ അടുത്തുനിന്നും പലഹാരങ്ങള്‍ വാങ്ങിക്കാറുണ്ട്. ഉണ്ണിയപ്പവും അരിയുണ്ടയുമാണ് സതിയുടെ മാസ്റ്റര്‍പീസുകള്‍.
കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ സതിയെ അടുത്തിടെ മികച്ച സംരംഭകയെന്ന നിലയില്‍ ആദരിച്ചിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് അംഗവുമാണ്.മക്കളുടെ പഠനച്ചെലവുകളും മകള്‍ ശാരികയുടെ വിവാഹവുമെല്ലാം നല്ല രീതിയില്‍ നടത്താന്‍ ഈ ജോലിയില്‍നിന്നുള്ള വരുമാനംകൊണ്ട് സതിക്ക് സാധിച്ചു.
ഇപ്പോള്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുന്ന മകന് ശരത്തിന് മുന്നിലും ഏറ്റവും വലിയ മാതൃക ജീവിത പ്രതിസന്ധികളില്‍ അമ്മ പ്രായോഗികമാക്കിയ മാനേജ്മെന്റ് പാഠങ്ങളാണ്.