കൊച്ചി : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ബീഹാർ സ്വദേശി സത്നം സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളി. പിതാവ് ഹരീന്ദ്രകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നിലവിൽ കാര്യക്ഷമമായ അന്വേഷണമാണ് നടന്നിട്ടുള്ളതെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു വിടേണ്ടതില്ലെന്നും വ്യക്തമാക്കി. 2012 ഓഗസ്റ്റ് നാലിനാണ് സത്നം സിംഗിനെ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽനിന്ന് അറസ്റ്റ് ചെയ്താണ് പോലീസ് ഇയാളെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ആശുപത്രി ജീവനക്കാരുടെയും സഹതടവുകാരുടെയും മർദനത്തെ തുടർന്നാണ് സത്നം സിംഗ് മരിച്ചതെന്നായിരുന്നു കേസ്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണത്തിന് സിബിഐയ്ക്കു വിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.