കടുത്തുരുത്തി: വിരൽ തുന്പിലെ പെൻസിലിൽ വരയുടെ അത്ഭുതങ്ങൾ തീർക്കുകയാണ് 59-കാരിയായ വീട്ടമ്മ. പെരുവ കാരിക്കോട് മനയ്ക്കപ്പടിയിൽ സതി സോമശേഖരനാണ് വരയുടെ ലോകത്ത് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം തീർക്കുന്നത്.
ചിത്രകലയോ, ചിത്രം വരയോ ഒന്നും പഠിക്കുകയോ പരിശീലനം നേടുകയോ ചെയ്തിട്ടില്ലാത്ത വീട്ടമ്മയാണ് സതി. എന്നാൽ ഇവർ വരയ്ക്കുന്ന ചിത്രങ്ങൾക്കാകട്ടെ മഴവില്ലിന്റെ എഴഴകിലും മികച്ച സൗന്ദര്യം.
അറുനൂറ്റിമംഗലം പാറശേരി പദ്മാലയത്തിൽ പദ്മനാഭൻ നായരുടേയും ഭവാനിയമ്മയുടേയും മകളായ സതി സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നന്നായി ചിത്രം വരയ്ക്കുമായിരുന്നു.
സിനിമാ നടി അംബികയുടെ ചിത്രമാണ് കടലാസിലേക്ക് ആദ്യമായി പകർത്തിയത്. ചെറുപ്പം മുതൽ പെൻസിൽ കൊണ്ട് ചിത്രങ്ങൾ വരച്ചിരുന്നു. വിവാഹശേഷം ജീവിത പ്രാരാബ്ദങ്ങൾ കാരണം വരയുടെ ലോകത്തുനിന്ന് മൂന്നര പതിറ്റാണ്ടോളം സതി സോമശേഖരൻ വിട്ടു നിന്നു.
കോവിഡ് കാലത്ത് മുടങ്ങിപോയ തന്റെ കഴിവിനെ ഒരു ഹോബിയായി വീണ്ടും പൊടി തട്ടിയെടുത്ത് പുനരാരംഭിക്കുകയായിരുന്നു. 60 – ലധികം ചിത്രങ്ങൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. വരച്ചതിൽ കൂടുതലും കൃഷ്ണന്റെ ചിത്രങ്ങളാണ്.
ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം വിശിഷ്ട വ്യക്തികളുടെയും കുട്ടികളുടെയും സൂഹൃത്തുകളുടെയും ചിത്രം വരയ്ക്കാറുണ്ട്. മഹാവിഷ്ണുവിന്റെ ദശാവതാരം വരച്ചു സതി സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടിയിരുന്നു.
ഭർത്താവ് സോമശേഖരൻ നായരും സംഗീതാധ്യാപകനായ മകൻ പ്രവീണും പ്രവാസിയായ മകൾ പാർവതിയും വരയ്ക്കുന്നതിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് സതി പറഞ്ഞു.