തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെ യൂ ട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
നൃത്തവുമായി ബന്ധപ്പട്ട വിഷയത്തിൽ രാമകൃഷ്ണൻ പഠിച്ചത് ഒന്നും കുട്ടികളെ പഠിപ്പിക്കുന്നത് മറ്റൊന്നാണെന്നും ചാലക്കുടിയിലെ കറുപ്പ് നിറമുള്ള നൃത്ത അധ്യാപകൻ എന്നൊക്കെയായിരുന്നു സത്യഭാമയുടെ പരാമർശം.
രാമകൃഷ്ണനെ തന്നെയാണു സത്യഭാമ അഭിമുഖത്തില്‍ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
രാമകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് കന്റോണ്‍മെന്റ് പോലീസ് സത്യഭാമക്കെതിരെയും യു ട്യൂബ് ചാനലിനെതിരെയും കേസെടുത്തിരുന്നു. ചാനലിന്റെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. പരാമർശം തിരുത്താനൊ മാപ്പ് പറയാനൊ സത്യഭാമ തയാറായിരുന്നില്ല.
അഞ്ച് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അടുത്ത ദിവസം കുറ്റപത്രം പോലീസ് സംഘം കോടതിയിൽ സമർപ്പിക്കും.
താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കുകയായിരുന്നു പൊലീസിന് മുന്നിലെ ആദ്യ വെല്ലുവിളി. ചാലക്കുടിക്കാരന്‍ നര്ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന് അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല.
സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരന് എന്നായിരുന്നു അടുത്തത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകന് സിദ്ധാര്‍ഥ് മൊഴി നല്കി.
കൂടാതെ രാമകൃഷ്ണനോടുള്ള സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.അടുത്തിടെയാണ് കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രഫസറായി രാമകൃഷ്ണൻ ചുമതലയേറ്റത്.