കണ്ണൂർ: നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും പൗരാവകാശങ്ങളും ഇല്ലാതാകുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ് എംഎൽഎ.
കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നടത്തിയ സത്യഗ്രഹസമരം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഭരണത്തിൽ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നതോടൊപ്പം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്പോഴും നീതിന്യായവ്യവസ്ഥ പോലും കാഴ്ചക്കാരായി മാറുകയാണ്.
പെൺകുട്ടിയുടെ മൃതശരീരം മാതാപിതാക്കളെ ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ അർധരാത്രിയിൽ കത്തിച്ചുകളഞ്ഞത് രാജ്യത്തിനാകെ തീരാകളങ്കമാണ്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽസെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി , സജീവ് ജോസഫ്, സെക്രട്ടറിമാരായ എം.പി. മുരളി, ഡോ.കെ.വി. ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി.