തിരുവനന്തപുരം: രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിനിടെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് തന്നെ നോമിനേറ്റ് ചെയ്തതിൽ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന.
പദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പദവി സംബന്ധിച്ച് സുരേഷ് ഗോപിക്ക് മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം.
തൃശൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂരിൽ പദയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. മാത്രമല്ല അടുത്ത കേന്ദ്ര കാബിനറ്റ് പുനഃസംഘടനയിൽ വീണ്ടും സുരേഷ് ഗോപിക്ക് മന്ത്രിപദവി ലഭിക്കുമെന്നുള്ള പ്രചാരണങ്ങളും സജീവമാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനും അദ്ദേഹത്തിനു താൽപര്യമുണ്ട്. അതിനിടയിൽ സുരേഷ് ഗോപിയെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് സജീവ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കാൻ ഇടയാകുമോ എന്ന ആശങ്കസുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പങ്കു വയ്ക്കുന്നു. ഈ ആശങ്കകൾ ബിജെപി അണികൾ സോഷ്യൽ മീഡിയയിലും പങ്കു വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്.
സുരേഷ് ഗോപിയുടെ പരിചയസമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്ക് ഉണ്ടാകും. തമിഴ് ചലച്ചിത്ര താരം ആർ. മാധവനെ പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പുതിയ ചുമതല ലഭിച്ചത്.
അതേസമയം സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി യൂണിയന് പ്രസ്താവന പുറത്തിറക്കി.
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയന് അറിയിച്ചു.
“രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ചും വിഭാഗീയ പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയുണ്ട്.
എസ്ആര്‍എഫ്ടിഐ സര്ഗാത്മഗതയുടെയും കലാപ്രകടനത്തിന്റെയും ആശയകൈമാറ്റത്തിന്റെയും കേന്ദ്രമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയത്തെ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കാന്‍ ഈ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അധ്യക്ഷനും ചെയര്‍മാനും ഉണ്ടായിരിക്കണം.
സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുമെന്ന് തങ്ങളെ ആശങ്കപ്പെടുത്തുന്നു’- വിദ്യാർഥി യൂണിയൻ പ്രസ്താവനയിലൂടെ അറിയിച്ചു.