ജോണ് മാത്യു
സിനിമയിൽ ഹാസ്യനടൻ കുരിതവട്ടം പപ്പു പറയുന്ന ഈ ഡയലോഗ് ഓർമിച്ച് ചിരിക്കാത്ത മലയാളികളില്ല.
വെള്ളാനകളുടെ നാട് എന്ന സിനിമ കണ്ടിട്ടുള്ളവർക്കറിയാം ഒരിക്കലും തന്നെക്കൊണ്ട് സാധിക്കാത്ത കാര്യമാണ് പപ്പു അവതരിപ്പിച്ച ടെക്നീഷ്യൻ വളരെ ലാഘവത്തോടെ തട്ടിവിടുന്നത്.
വൈക്കം വെച്ചൂർ സ്വദേശി സത്യൻ എന്ന ആശാന്റെ വൈക്കം വെച്ചൂർ റോഡിലെ വർക്ക് ഷോപ്പിന് മുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ കേടായ റോഡ് റോളർ വിശ്രമിക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ പത്തു വർഷത്തിലധികമായി.
അധികാരികൾ പിന്നീട് ഈ വഴി വന്നിട്ടില്ല. റോഡരുകിൽ അപകടത്തിന് കാരണമാകുന്ന വിധത്തിൽ നിത്യവിശ്രമത്തിലായ യന്ത്രത്തിന് അൽപം ദൂരെ മറ്റൊരു റോഡ് റോളറും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്.
റോഡ് റോളറിന്റെ മെക്കാനിക്കായ സത്യൻ 1994-ൽ ആരംഭിച്ചതാണ് റോഡ് റോളർ വർക്ക് ഷോപ്പ്.
റോഡിന്റെ ടാറിംഗ് ജോലിയുമായി ബന്ധപ്പെട്ട എല്ലാ മെഷീനുകളും അദ്ദേഹവും കൂട്ടാളികളും നന്നാക്കും. റോഡ് റോളർ നന്നാക്കുന്ന ജോലി അത്ര ലളിതമല്ല.
ഒരു വാഹനം നന്നാക്കി കേടുപാടുകളെല്ലാം തീർത്ത് റോഡിൽ ഇറക്കാൻ കുറഞ്ഞത് 40 ദിവസത്തെ കഠിനാധ്വാനം വേണം.
മെക്കാനിക്കൽ, ഡീസൽ, ഇലടക്ട്രിക്കൽ തുടങ്ങി പല വിഭാഗത്തിലും പ്രാവീണ്യമുള്ള ജോലിക്കാരുടെ കഠിനാധ്വനം വേണം.
പത്തു ടണ്ണിലധികം ഭാരമുള്ള ഈ വാഹനങ്ങൾ എവിടെ കേടാകുന്നുവോ അവിടെയെത്തി നന്നാക്കുക മാത്രമാണ് പരിഹാരം.
ആന ചെരിയുന്നതുപോലെ റോഡ് റോളർ റോഡിൽ പലയിടത്തും മാർഗ തടസമുണ്ടാക്കുന്ന കാഴ്ച പതിവായിരുന്നു. കൽക്കട്ട കന്പനിയായ ജെസോപ്പാണ് ഏതാനും വർഷംവരെ ഈ രംഗത്തിന്റെ മേൽക്കൈ.
ഇപ്പോൾ ഹൈഡ്രോളിക് മെക്കാനിസത്തിൽ പ്രവർത്തിക്കുന്ന 35- ടണ് ഭാരമുള്ള ഹൈടെക് റോളറുകൾ രംഗത്തു വന്നതോടെ ജെസോപ്പ് വാഹനങ്ങളുടെ പ്രമാണിത്തം അസ്തമിച്ചു.
കേരളത്തിൽ മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് റിപ്പയറിംഗ് കേന്ദ്രങ്ങൾ ഉള്ളത്.
സത്യന്റെ പിതാവ് പൊതുമരാമത്ത് വകുപ്പിൽ ജോലിക്കാരനായിരുന്നു. അങ്ങനെയാണ് പൊതുമരാമത്ത്, വാട്ടർ, അഥോറിട്ടി, വനംവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങൾ നന്നാക്കാനുള്ള ലൈസൻസ് സത്യന് ലഭിക്കുന്നത്.
വെച്ചൂർ, കൈപ്പുഴമുട്ട് കമുരകം പ്രദേശങ്ങൾ സമീപത്തായതിനാൽ പാടശേഖരങ്ങളിൽ ഉപയോഗിക്കുന്ന വെളളം വറ്റിക്കുന്ന പെട്ടി പറ, കൂറ്റൻ പന്പുസെറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണി പോക്കാനുള്ള ജോലികളും സത്യനെത്തേടിയെത്തുന്നു.
റോഡ് റോളറുകൾ പലതുണ്ടെങ്കിലും പെട്ടെന്ന് മനസിലേക്കെത്തുന്നത് വലിയ ചക്രങ്ങളും ശബ്ദഘോഷത്തോടെ കയറ്റവും ഇറക്കവും ഒരേ വേഗത്തിൽ പോകുന്ന ജെസോപ്പ് ആൻഡ് കന്പനിയുടെ ലോഗോ പതിച്ച വാഹനമാണ്.
മെറ്റലുരുട്ടി, അമ്മാവൻ വണ്ടി അങ്ങനെ മലയാളികൾ പല വിളിപ്പേരിലും വിശേഷിപ്പിച്ചു ഈ വാഹനത്തെ. ജെസോപ്പിന്റെ ചരിത്രം 1788-ൽ ആരംഭിക്കുന്നു.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൽകട്ടയിൽ 1788-ൽ സ്ഥാപിതമായി ബ്രീൻ ആൻഡ് ജോർജ് എന്നതായിരുന്നു ആദ്യത്തെ കന്പനി.
ബ്രിട്ടണിലെ ഡെർബിഷയറിൽ സ്ഥാപിതമായി കന്പനിയുടെ ഇന്ത്യൻ പതിപ്പായിരുന്നു. വില്യം ജെസോപ്പ്. 1790-ൽ വില്യം ജെസോപ്പ് ഏറ്റെടുത്ത ശേഷം ജെസോപ്പ് ആൻഡ് കന്പനി എന്ന പേരിൽ അറിയപ്പെട്ടു.
1973-ൽ ഇന്ത്യ ഗവണ്മെന്റ് ജെസോപ്പ് ഏറ്റെടുത്തു. ഇന്ത്യയിലെ റോഡുകൾക്കെല്ലാം പരിചിതമാണ് ജെസോപ്പ് റോഡ് റോളറുകൾ.
പൊതു മരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഈ വഴിമുടക്കിയന്ത്രം റോഡിൽ നിന്നു നീക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സത്യൻ ആശാനും പരിസര വാസികളും.