മീര ജാസ്മിൻ നായികയായി എത്തുന്ന മകൾ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.
മീര ജാസ്മിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
‘മകൾ’ ഒരുങ്ങുകയാണ്.
കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.
വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.
തിയേറ്ററുകളും സജീവമാകുന്നു.
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.
‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്.
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം.
എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്.
എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.