മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് സത്യനായി തിരശീലയിലെത്തുന്നത്. സത്യന്റെ മകൻ സതീഷ് സത്യനാണ് ഇത് അറിയിച്ചത്. സത്യന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള അവകാശം ഫ്രൈഡേ ഫിലിംസിന്റെ ഉടമയും നടനുമായ വിജയ് ബാബുവാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
1952 പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സത്യൻ 20 വർഷം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. ഈ കാലയളവിൽ 145 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് സത്യനാണ്. 1971ൽ രക്താർബുദം ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.