തൃശൂർ: രാഷ്ട്രീയപ്രവർത്തനം മണ്ണിൽ നിന്നും മരത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. പ്രകൃതിയെ ദ്രോഹിക്കുന്നത് പൊതുസമൂഹത്തിന്റെ ചിന്തയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിസിസി അയ്യായിരം മരങ്ങൾ നടുന്നതിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഡിസിസിയിൽ നടന്ന പരിപാടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമായി ഈ പരിസ്ഥിതി ദിനത്തിലെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ കാര്യത്തിൽ സർക്കാരും പൊതുസമൂഹവും ജാഗ്രതയോടുള്ള സമീപനം സ്വീകരിക്കണം. പാരിസ്ഥിതി വശങ്ങൾ തിരിച്ചറിഞ്ഞാകണം പദ്ധതികൾ നടപ്പിലാക്കാനെന്നും സുധീരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷനായി. അനിൽ അക്കര എംഎൽഎ, മുൻ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.