കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്നത് ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന കത്തി ഉപയോഗിച്ച്. പ്രതി മുന്‍ സിപിഎം പ്രവര്‍ത്തകനായ അഭിലാഷ് കോവിഡിനുശേഷം ഒന്നരക്കൊല്ലം ഗള്‍ഫിലായിരുന്നു
അവിടുന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അഭിലാഷ് അന്വേഷണസംഘത്തിനു മൊഴി നല്കി.
സത്യനാഥന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യക്തിവൈരാഗ്യമാണെന്നു പോലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്ക് സംരക്ഷകനായിനിന്ന തനിക്ക് മറ്റ് പാര്‍ട്ടിക്കാരില്‍നിന്നു മര്‍ദനമേറ്റപ്പോള്‍ സത്യനാഥന് കുറ്റപ്പെടുത്തി. അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്.
സംഭവദിവസം ക്ഷേത്രത്തില്‍ സത്യനാഥന് ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരുവശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടിതന്നെയാണ് കൃത്യം നടത്തിയത്. കഴകപ്പുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില് ചാടി റോഡിലിറങ്ങി.
ഇതേസമയം കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീല്‍ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്ക് വേഗത്തില്‍ എത്താവുന്ന മാര്‍ഗത്തിലൂടെ നടന്നു. റെയില്‍വേ സ്റ്റേഷന് കടന്ന് രാത്രി പതിനൊന്ന് മണിയോടെ പോലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ നാലു പേര് തന്നെ കണ്ടതായി അഭിലാഷ് പോലീസിനോട് പറഞ്ഞു.
എന്തിനാണ് കൊലപാതകം നടത്താന്‍ ക്ഷേത്രം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങിനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിനു മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്.