കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റമറ്റ അന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാരയുടെ മേല്‍നോട്ടത്തില്‍ 14 അംഗ പ്രതേക അന്വേഷണസംഘത്തെ നിയമിച്ചു.
കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് പുതിയ ടീമിനെ നിയമിച്ചത്. രണ്ട് ഡിവൈഎസ്പി മാര്‍, ഒരു ഇന്‍സ്പെക്ടര്‍, അഞ്ച് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ അടങ്ങിയതാണ് സംഘം.
പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം, വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്. മെല്ബിന് ജോസ്. എന്നിവരാണ് സംഘത്തെ നയിക്കുക. അന്വേഷണ പുരോഗതികള്‍ ദിവസവും നേരിട്ട് പരിശോധിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് അറിയിച്ചു.
അതേസമയം, സത്യനാഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പുറത്തോല് അഭിലാഷിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലില്‍ അടച്ചു.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം എടച്ചേരി പോലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തത്. രാത്രി വടകര ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയശേഷം മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
തന്നെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയത് സത്യനാഥനാണെന്നും അതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നുമാണു പ്രതിയുടെ മൊഴി. എന്നാല്‍ അഭിലാഷിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് വിശദമായി അന്വേഷിക്കും.