ലക്ഷങ്ങള്‍ കൈയ്യിലിരുന്നപ്പോള്‍ സതീഭായ്ക്ക് ആരെയും വിശ്വസമില്ലായിരുന്നു. തന്നെ അപായപ്പെടുത്തി ആരെങ്കിലും കൈയ്യിലുള്ള നാലു ലക്ഷത്തോളം വരുന്ന തുക തട്ടിയെടുക്കുമോയെന്ന ഭയം മൂലമായിരുന്നു സതീഭായ് ആളുകളെ ഒഴിവാക്കിയിരുന്നത്. ബന്ധുക്കള്‍ക്കു പോലും സതീഭായ്യുടെ വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ നോട്ടുകള്‍ കൈയ്യില്‍ നിന്നും പോയതോടെ സതീഭായിയുടെ ഭയവും നീങ്ങി. പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ പുതിയ നോട്ടുമായി വന്ന് പഴയ അസാധു നോട്ടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കൈയ്യില്‍ പണമൊന്നുമില്ലെന്ന മറുപടിയാണ് സതീഭായ് നല്‍കിയത്. സമിതി പ്രവര്‍ത്തകര്‍ വീടിനകത്തു കയറാനും ശ്രമം നടത്തിയിരുന്നു.
വാര്‍ഡ് മെംബര്‍ വത്സലാ ബാലന്റെ വീട്ടിലാണ് സതിഭായ് ചൊവ്വാഴ്ച്ച അന്തിയുറങ്ങിയത്. ആരോ ഉത്തരവാദിത്തപ്പെട്ടവര്‍ പണം കൊണ്ടുപോയെന്നു മാത്രമേ സതീഭായ്ക്ക് അറിയൂ. തന്റെയൊപ്പം താമസിച്ചപ്പോള്‍ സതി വളരെ സന്തോഷവതിയായിരുന്നെന്ന് വത്സലാ ബാലന് പറയുന്നു. പുലര്‍ച്ചെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. പണം കൈവിട്ടു പോയ ദുഖമൊന്നും ഇപ്പോള്‍ ഇവരില്‍ കാണുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേരത്തെ മുഴുവന്‍ സമയവും അടച്ചിട്ട വാതിലുകള്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നു. കാണാനെത്തുന്നവരെ ആട്ടിയോടിക്കുന്നുമില്ല. സതീ ഭായ് യുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണം മാറ്റി നല്കാന് കാലതാമസം നേരിടുമെന്നാണ് അറിയാന്‍ കഴിയുന്നത്. പണമടയ്ക്കാത്തതിനാല്‍ സതീ ഭായിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന് വിഛേദിച്ചത് പുനസ്ഥാപിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെംബര്‍ വത്സലാ ബാലന് വ്യക്തമാക്കി.