തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ മാസം ഏഴിന് സർക്കാർ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ അധ്യായനം ശനിയാഴ്ചകളിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കു നിരവധി അധ്യയനദിനങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചതെന്നും ജനുവരി വരെ ഈ ക്രമം തുടരുമെന്നുമായിരുന്നു വ്യാജ പ്രചരണം.