കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരസമയത്ത് കടകളിലെത്തി മോഷണം നടത്തുന്ന പ്രതിക്ക് ഇൻസ്റ്റഗ്രാം വില്ലനായി.
മീഞ്ചന്ത ആർട്സ് കോളജിന് സമീപത്തെ പുത്തൻവീട്ടിൽ പി.വി. അബിനെ (26) ആണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോഴിക്കോട് നഗരങ്ങളിൽ വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് നിസ്കാരത്തിന് വേണ്ടി മസ്ജിദിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും അപഹരിക്കുന്നതാണ് ഇയാളുടെ രീതി.
ഈ മാസം 13ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി.എസ്. ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർഥനയ്ക്കായി മസ്ജിദിൽ പോയ സമത്ത് മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു.
മോഷണ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവിയൽ ദൃശ്യങ്ങൾ പതിഞ്ഞതായി ശ്രദ്ധയിൽപ്പെട്ട പ്രതി പിന്നീട് നീളമുള്ള തന്റെ തലമുടി മൊട്ടയടിച്ച് രൂപം മാറ്റം വരുത്തിയാണ് നഗരത്തിൽ കറങ്ങി നടന്നത്.
സംശയം തോന്നിയ അന്വേഷണ സംഘം പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്. ഇൻസ്റ്റഗ്രാമിൽനിന്നു മോഷ്ടാവിന്റ പഴയ രൂപമുള്ള ഫോട്ടോകൾ പോലീസ് കണ്ടെത്തി.
നീട്ടിയ മുടിയോടു കൂടിയ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിന്നും കണ്ടതോടെ സിസിടിവി ദൃശ്യം പ്രതിയുടേതാണെന്ന് പോലീസിന് വ്യക്തമായി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പോലീസ് അബിനെ പിടികൂടുകയായിരുന്നു.തെളിവ് നശിപ്പിക്കുന്നതിനായി അബിൻ മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം കനോലി കനാലിൽ ഉപേക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.