തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരുന്ന ശനിയും ഞായറും (24,25) അവശ്യ സർവീസുകൾ ഒഴികെ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച സർക്കാർ- പൊതു മേഖലയിൽ അടക്കം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം എന്നിവ നിശ്ചയിച്ച സമയത്തു നടത്താം. അത്യാവശ്യ യാത്രകൾ അടക്കം നടത്താം. എന്നാൽ, ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണ്ലൈൻ ക്ലാസ് മാത്രം നടത്തണം. അവധിക്കാല ക്യാമ്പുകൾ തുടരേണ്ടതില്ല. ബീച്ച്, പാർക്ക് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല.
ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കും വിധം കോവിഡ് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ദേഹം നിർദേശം നൽകി.
* രാഷ്ട്രീയ പാർട്ടികളുടെ അവലോകന യോഗം വിളിച്ച് തുടർ നടപടികൾ ചർച്ച ചെയ്യും.
* പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഒരുക്കും. ബാക്കിയുള്ള ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇത് റൊട്ടേഷൻ അടിസ്ഥാനത്തിലാകും നടപ്പാക്കുക.
* സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. ഇക്കാര്യം സ്ഥാപന മേധാവികളെ അറിയിക്കും.
* രാത്രിയിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ക്രമീകരണം ഒരുക്കണം.
* കല്യാണം അടക്കമുള്ള പൊതു ചടങ്ങുകളിൽ 75 പേരെ വരെയാണു പങ്കെടുപ്പിക്കാൻ അനുമതി. കുറയ്ക്കാൻ ശ്രമിക്കണം.
* അടച്ചിട്ട ഹാളിനകത്തും സാമൂഹിക അകലം വേണം.
* രാത്രികാല നിയന്ത്രണം തുടരും.
* തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിൽ സജീവ പങ്കാളികളാകണം. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ വേണം.
* ഓരോ ദിവസത്തേയും രോഗവിവരം തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളെ അറിയിക്കണം.
* വീടുകളിൽ കഴിയുന്ന രോഗികൾക്ക് മരുന്നും മറ്റു സഹായങ്ങളും എത്തിക്കണം.
* കടകൾ രാത്രി 7.30 വരെ. ഹോട്ടലുകളിൽ രാത്രി ഒൻപതു വരെ പാഴ്സൽ അനുവദിക്കും.
* പ്രത്യേക ടാസ്ക്ഫോഴ്സിനാകും ആശുപത്രികളിലെയും സിഎഫ്എൽടിസികളിലെയും സൗകര്യങ്ങളും മരുന്നുകളും ഉറപ്പാക്കേണ്ട ചുമതല.
* എല്ലാ താലുക്കുകളിലും സിഎഫ്എൽടിസികൾ സ്ഥാപിക്കും.
ശനിയാഴ്ചത്തെ പ്ലസ് ടു പരീക്ഷയ്ക്കു മാറ്റമില്ല
തിരുവനന്തപുരം: ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും അന്നു നിശ്ചയിച്ചിട്ടുള്ള പ്ലസ് ടു പരീക്ഷകൾക്കു മാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.