സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്പന, സര്‍വീസ് കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ പരിശോധന ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ നല്കുന്ന കാര്യത്തില്‍ സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പൂഴ്ത്തിവയ്പ് നടത്തുന്നുണ്ടോ എന്നും കര്‍ശനമായി പരിശോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം തടവും പത്തുലക്ഷം സൗദി റിയാല്‍ പിഴയുമാണ് (ഏകദേശം 1.78 കോടി രൂപ). ശിക്ഷാകാലാവധി അവസാനിക്കുന്ന മുറയ്ക്കു വിദേശികളെ നാടുകടത്തുകയും ഭാവിയില്‍ രാജ്യത്തു വ്യാപാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വിലക്കുകയും ചെയ്യും.
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദില്‍ 30–40 ശതമാനത്തോളം കടകള്‍ ഇന്നലെ അടഞ്ഞുകിടന്നു. തുറന്ന കടകളില്‍ തിരക്ക് പതിവിലും വളരെ കുറവായിരുന്നു. സ്വദേശികളായ ജോലിക്കാരെ കണ്ടെത്താനാകാത്തതിനാലാണു കടകള്‍ പലതും തുറക്കാത്തതെന്നാണു റിപ്പോര്‍ട്ട്. അതേസമയം, അടഞ്ഞുകിടക്കുന്ന കടകള്‍ക്കു പകരം സ്വദേശിസ്ഥാപനങ്ങള്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സൗദി യുവാക്കള്‍ അഭിപ്രായപ്പെടുന്നു.