സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വൈബ്സൈറ്റ് തകരാറിലായത് പ്രവാസികളുടെ ഇഖാമ പുതുക്കല്‍ അവതാളത്തിലാക്കി. വെബ്സൈറ്റിലുണ്ടായ വൈറസ് ആക്രമണത്തെത്തുടര്‍ന്ന് പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്ഡേഷന് തുടങ്ങിയവയെല്ലാം താറുമാറാക്കിയിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസമായി ഇതേ അവസ്ഥയാണ്. ഇഖാമ പുതുക്കാനാവാത്തവരുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ നിര്ജീവമായിരിക്കുന്നതിനാല് ഇത്തരക്കാര്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയില്ല.
ഇഖാമ സമയബന്ധിതമായി പുതുക്കാന്‍ കഴിയാത്ത പ്രവാസികളെ കാത്തിരിക്കുന്നത് പിഴയും തടവും തൊഴില്‍ നിരോധനവുമാണ്. ഇതൊക്കെയാണ് ഇവരുടെ ആശങ്കയുടെ പ്രധാന കാരണവും. ഷാമൂണ്‍ എന്ന വൈറസാണ് വൈബ്സൈറ്റിനെ ആക്രമിച്ചത്. കമ്പ്യൂട്ടര്‍ ശൃംഗലയില്‍ നുഴഞ്ഞുകയറി മാസ്റ്റര്‍ ബുക്ക് റിക്കോഡുകള്‍ നശിപ്പിച്ച് ശൃംഗലയിലെ കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കുന്നതാണ് ഈ വൈറസിന്റെ രീതി. വൈറസ് ആക്രമണം കഴിഞ്ഞ് ഒമ്പതുദിവസം പിന്നിട്ടിട്ടും മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ ശൂന്യമാണ്. പ്രശ്നം എ്ന്നു പരിഹരിക്കാന്‍ കഴിയുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് മന്ത്രാലയത്തിലെ ജീവനക്കാരുടെ ഭാഷ്യം.
കൃത്യസമയത്ത് ഇഖാമ പുതുക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ പാസ്പോര്‍ട്ട് വിഭാഗം സ്വീകരിക്കാറുണ്ട്. ഇഖാമ കാലാവധി കഴിയുന്നതിന് മൂന്നുദിവസം മുമ്പെങ്കിലും പുതുക്കാത്തവര്‍ക്ക് 500 റിയാലാണ്. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 1,000 റിയാല്‍ ആകും. മൂന്നാം തവണ കാര്യങ്ങള്‍ പിഴയിലൊതുങ്ങില്ല നേരേ നാടുകടത്തും. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.