സൗദിയുമായുള്ള പ്രശ്‌നം യമനെ തള്ളിവിടുന്നത് കടുത്തനാശത്തിലേക്ക്. യെമനിലെ നിരവധി കുട്ടികള്‍ വെള്ളവും ഭക്ഷണവുമില്ലാതെ പിടയുന്ന ദയനീയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ലോകം തന്നെ ആശങ്കയിലാണ്. സൗദി ഇനിയും കരുണ കാണിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും ദയനീയമായ പട്ടിണി മരണങ്ങളും കോളറ ബാധയും യെമനിലുണ്ടാകുമെന്നുറപ്പാണ്. സൗദി പോര്‍ട്ടുകള്‍ അടച്ച് പൂട്ടിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് യെമനില്‍ ശുദ്ധജലം കിട്ടാതെ വലയുന്നത്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ പര്യവസാനിക്കുക മഹാദുരന്തത്തിലായിരിക്കും എന്നാണ് റെഡ്‌ക്രോസ് നല്‍കുന്ന മുന്നറിയിപ്പ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് അറബ് രാഷ്ട്രങ്ങള്‍ക്ക്.
യെമനിലെ ഒരു മാല്‍ന്യൂട്രീഷന്‍ സെന്ററില്‍ കഴിയുന്ന അനേകം ചെറിയ കുട്ടികളുടെ ഹൃദയഭേദകമാ ചിത്രങ്ങള്‍ ഇവിടുത്തെ ദുരന്തം എത്രത്തോളം ഭീകരമാണെന്ന് ലോകത്തിന് മുന്നറിയിപ്പേകുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യം പുട്ടിയ പോര്‍ട്ടുകള്‍ ഇനിയും തുറന്നിട്ടില്ലെങ്കില്‍ യെമനില്‍ ആയിരക്കണക്കിന് പേര്‍ ദിവസം തോറും മരിച്ച് വീഴുമെന്നാണ് യുഎസ് ഫണ്ട് നല്‍കിയ ഒരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. യെമനിലെ ജനപ്പെരുപ്പേമേറിയ വിവിധ നഗരങ്ങളില്‍ കഴിയുന്ന 25 ലക്ഷം ആളുകള്‍ കുടിവെള്ളം പോലുമില്ലാതെ നരകിക്കുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് മുന്നറിയിപ്പേകിയിരിക്കുന്നത്.
കോളറ പടര്‍ന്നു പിടിക്കാന്‍ അനുകൂലമായ സാഹചര്യമാണിവിടെ. രാജ്യത്തെ 70 ലക്ഷം ആളുകള്‍ കടുത്ത ദുരിതത്തിലാണ്. പോര്‍ട്ടുകള്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തുറന്നില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നത് പ്രവചനാതീതമാണെന്ന് ദി ഫെമിന്‍ ഏര്‍ലി വാണിങ് സിസ്റ്റംസ് നെറ്റ് വര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. വെള്ളത്തിനും ഭക്ഷണത്തിനും സ്വര്‍ണവിലയാവാനും മരുന്നുകളുടെ അഭാവംമൂലം മഹാരോഗങ്ങള്‍ എളുപ്പം പടര്‍ന്ന് പിടിക്കാനും വഴിയൊരുങ്ങും.
യമനിലെ 26 ദശലക്ഷം ആളുകളില്‍ 17 ദശലക്ഷവും ഭക്ഷണദൗര്‍ലഭ്യം നേരിടുകയാണ്. ഇതിനു പുറമേ 70 ലക്ഷം ആളുകള്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചും. സൗദിയുടെ നേതൃത്വത്തിലുള്ള സേനാസഖ്യം നവംബര്‍ 6നാണ് ഇവിടേക്കുള്ള വായു, ജലം, കര വഴികളിലൂടെയുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചിരിക്കുന്നത്.
ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദിയിലേക്ക് കുറച്ചു ദിവസം മുമ്പ് മിസൈല്‍ അയച്ചതിന്റെ പ്രതികാരമായാണ് സൗദി ഇത്തരം നടപടി കൈക്കൊണ്ടിരിക്കുന്നത്.