സൗദിയൊരു വലിയ സ്വർണക്കടയായിട്ടുണ്ട്. ജ്വല്ലറികൾ തുടങ്ങിയതുകൊണ്ടല്ല, മറിച്ച് സ്വർണം ഉത്പാദിപ്പിക്കുന്നതിൽ സൗദി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സൗദി അറേബ്യ വൻതോതിൽ സ്വർണവും വെള്ളിയും ചെന്പും ഉത്പാദിപ്പിക്കുന്നതായി ഗവണ്മെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തി.
2018 ൽ ഒരു മണിക്കൂറിൽ 1.47 കിലോഗ്രാം എന്ന തോതിൽ 12.91 ടണ്‍ സ്വർണം സൗദി അറേബ്യയിൽ ഉത്ഖനനം ചെയ്തിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് 25 ശതമാനം അധികമാണ് ഉത്പാദനം. ആ വർഷം 10,333 കിലോഗ്രാം സ്വർണമാണ് ഉത്പാദിപ്പിച്ചത്. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ സ്വർണ ഖനനം ഇരട്ടിയാണെന്ന് പറയാം. 2016 ൽ 6,946 കിലോയായിരുന്നു സ്വർണത്തിന്റെ ഉത്പാദനം.
വെള്ളിയുടെ ഉത്പാദനത്തിലും കഴിഞ്ഞ വർഷം രാജ്യം വൻ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2017 ൽ 5069 കിലോ ഖനനം ചെയ്ത സ്ഥാനത്ത് 2018ൽ 5760 കിലോഗ്രാം കുഴിച്ചെടുക്കാൻ സാധിച്ചു. വർധനയുടെ തോത് 13.63 ശതമാനം വരും.
എന്നാൽ ചെന്പിന്റെ ഉൽപാദനം കഴിഞ്ഞ കൊല്ലം 251 ശതമാനം വർധിച്ച് സർവകാല റെക്കോർഡ് സൃഷ്ടിച്ചു. 2017ൽ 27,097 ടണ്‍ ഉത്പാദനം നടന്നിരുന്ന സ്ഥാനത്ത് 2018ൽ 2,35,000 ടണ്‍ ചെന്പാണ് ഖനനം ചെയ്തെടുത്തത്. 1,69,000 ടണ്‍ അധികം ചെന്പ് ഉത്ഖനനം ചെയ്യാൻ സാധിച്ചത് നേട്ടമായി കണക്കാക്കുന്നു.
ഖനന മേഖലയിൽ ഇതുവരേക്കും 2045 സ്ഥാപനങ്ങൾക്കാണ് ആകെ ലൈസൻസ് അനുവദിച്ചത്. ഇതിൽ 545 ലൈസൻസ് ലോഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ വിശദമായി പഠിക്കുന്നതിനുള്ളതാണ്. എന്തു തന്നെയായാലും സൗദി സ്വർണപ്രഭയിൽ തിളങ്ങുകയാണ്.