ന്
യൂഡൽഹി: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലിൽ കഴിയുന്നത് 7,620 ഇന്ത്യക്കാർ. ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് കൂടുതൽ ഇന്ത്യക്കാർ തടവിൽ കഴിയുന്നത്.
സർക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവിൽ കഴിയുന്നവരിൽ അൻപതിൽ ഏറെപ്പേർ സ്ത്രീകളാണ്. ഇവരിൽ ഭൂരിഭാഗത്തെയും തെക്കു കിഴക്കൻ ഏഷ്യ, ശ്രീലങ്ക, ചൈന, നേപ്പാൾ, ഗൾഫ് രാജ്യങ്ങളിലാണ്.
മൊത്തം തടവുകാരിൽ 56 ശതമാനവും ഗൾഫ് രാജ്യങ്ങളിലെ തടവറകളിലാണുള്ളത്. ജയിലിൽ കഴിയുന്നവരിൽ കൂടുതൽ പേരും സാന്പത്തിക കുറ്റകൃത്യങ്ങൾ, മോഷണം, കൈക്കൂലി തുടങ്ങിയവയ്ക്കാണു ശിക്ഷ അനുഭവിക്കുന്നതെന്നും സഭയെ മന്ത്രി അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മിക്ക രാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറാൻ വിമുഖത കാട്ടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.