ഹൈദരാബാദ്: ഇന്ത്യക്കാരന് സൗദി ജയിലില്‍ നരകജീവിതം. ഹൈദരാബാദ് മലക്‌പേട്ട് സ്വദേശിയായ മന്‍സൂര്‍ ഹുസൈനാ(32)ണ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട്് സൗദിയിലെ വാദി അല്‍-ദേവാസര്‍ ജയിലില്‍ കഴിയുന്നത്. ഒരു വര്‍ഷം തടവും 300 ചാട്ടവാറടിയുമാണ് മന്‍സൂറിന് നല്‍കിയിരിക്കുന്ന ശിക്ഷ. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് മന്‍സൂര്‍ പറയുന്നത്. മകനെ മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാതാവ് നൂര്‍ ഉനീസാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിട്ടുണ്ട്.
എംബിഎ ബിരുദധാരിയായ മന്‍സൂര്‍ 2013 മാര്‍ച്ചു മുതല്‍ റിയാദിലുള്ള അബദുള്‍ ഹാദി അബ്ദുള്ള അല്‍ ഖ്വന്റാനി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഓഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2016 ഓഗസ്റ്റ് 25നാണ് മന്‍സൂറില്‍ കുറ്റം ആരോപിക്കപ്പെട്ട സംഭവം നടക്കുന്നത്. സംഭവത്തേക്കുറിച്ച് മന്‍സൂറിന്റെ അമ്മ പറയുന്നതിങ്ങനെ. ” അന്നേ ദിവസം കമ്പനിയില്‍ നിന്നും 1,06,000 സൗദി റിയാല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മന്‍സൂറിന്റെ കൈയ്യില്‍ കൊടുത്തയച്ചു. എന്നാല്‍ മന്‍സൂര്‍ ബാങ്കിനടുത്തെത്തിയപ്പോള്‍ രണ്ടുപേര്‍ മന്‍സൂറിനെ തടയുകയായിരുന്നു. ഒരാള്‍ മന്‍സൂറിനു നേരെ തോക്കു ചൂണ്ടി പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എന്നിട്ട് ഒരു കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ആ കാറിനാവട്ടെ രജിസ്‌ട്രേഷന്‍ നമ്പരുമില്ലായിരുന്നു”. പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി കൊടുക്കാനായിരുന്നു സംഭവമറിഞ്ഞയുടന്‍ കമ്പനി ഉടമ പറഞ്ഞത്. എന്നാല്‍ പരാതി കൊടുക്കാന്‍ ചെന്ന മന്‍സൂറിനെ പ്രതിയാക്കി അറസ്റ്റു ചെയ്തു കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു പോലീസ് ചെയ്തത്. വിശദവിവരങ്ങള്‍ എഴുതിക്കൊണ്ട് 2016 ഡിസംബര്‍ 31നാണ് നൂര്‍ ഉന്നീസ സുഷമാ സ്വരാജിന് കത്തെഴുതിയത്.
തന്റെ മകന്‍ നിരപരാധിയാണെന്നും ഇതിലും വലിയതുക ഇതിനു മുമ്പ് അവന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് അമ്മ പറയുന്നത്. ജയിലില്‍ തന്റെ മകനെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും നൂര്‍ ഉന്നീസ പറയുന്നു. നൂര്‍ ഉന്നീസയുടെ ആറുമക്കളില്‍ രണ്ടാമനാണ് മന്‍സൂര്‍. എംബിഎ പഠനം കഴിഞ്ഞ് എട്ടുമാസം ഹൈദരാബാദിലെ ഒരു കമ്പനിയില്‍ ജോലിനോക്കിയതിനു ശേഷമാണ് മന്‍സൂര്‍ സൗദിയിലേക്ക് തിരിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളാരുമില്ലായിരുന്നു. സംഭവസ്ഥലത്ത് സിസിടിവി സൗകര്യമില്ലാഞ്ഞതിനാല്‍ മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും ഈ അമ്മ വിലപിക്കുന്നു.