ന്യുയോർക്ക്: പതിമൂന്നാം വയസിൽ അറസ്റ്റിലായ പ്രക്ഷോഭകാരി മുർതാജ ഖുറൈസിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. ശനിയാഴ്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടാണു പേരു വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022-ൽ മുർതാജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥൻ സൂചന നൽകി.
അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നൽകിയെന്നു പറഞ്ഞാണു മൂന്നുവർഷങ്ങൾക്കുശേഷം 2014-ൽ സൗദി മുർതാജയെ അറസ്റ്റ് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബഹറിനിലേക്കു യാത്ര ചെയ്യുന്നതിനിടെ ബോർഡറിൽ വച്ചാണു അന്ന് പതിമൂന്നുകാരനായ മുർതാജയെ അറസ്റ്റ് ചെയ്യുന്നത്.
ഇതോടെ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളിയായി മുർതാജ മാറി. ആദ്യം 12 വർഷത്തെ തടവുശിക്ഷയാണു മുർതാജയ്ക്കു വിധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അക്കൂട്ടത്തിൽ മുർതാജയും ഉണ്ടായിരുന്നു.
ദമാമിലെ ജുവനൈൽ ജയിലിലാണ് മുർതാജ തടവിൽ കഴിയുന്നത്. 2018 ഓഗസ്റ്റിൽ മാത്രമാണ് മുർതാജയ്ക്കു സൗദി അഭിഭാഷകനെ അനുവദിച്ചത്. കഴിഞ്ഞ വർഷം മുർതാജയുടെ അച്ഛനെയും ഒരു സഹോദരനെയും സൗദി ജയിലിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുർതാജയെ തീവ്രവാദിയായി പരിഗണിച്ചാണു കോടതി വിചാരണ ചെയ്തത്. വെടിവയ്പ് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളും മുർതാജയുടെ മേൽ ചുമത്തിയിട്ടുണ്ട്. മുർതാജയുടെ സഹോദരന്റെ മരണാനന്തര ചടങ്ങിനിടെ പോലീസിനെതിരെ വെടിവച്ചു എന്നാണു കേസ്.
പ്രായപൂർത്തിയാകുന്നതിനു മുന്പ് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തിനു വധശിക്ഷ വിധിച്ച നിയമത്തിനെതിരെ ലോകമെന്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വധശിക്ഷയ്ക്കെതിരെ നിലപാടെടുത്തു.