മുണ്ടക്കയം: സൗദിയില്‍ ജോലിക്കായി പോയ യുവതികള്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നതായി പരാതി. അമിത ജോലിക്ക് പ്രേരിപ്പിക്കുകയും വിസമ്മതിച്ചതിന് വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നതുമായാണ് പരാതി. തന്റെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ മാനസിക പീഡനം അനുഭവിച്ച് തടവില്‍ കഴിയുകയാണെന്നുകാട്ടി മുണ്ടക്കയം കാരിമറ്റത്തില്‍ ബൈജുവാണ് പോലീസില്‍ പരാതി നല്‍കിയത്.
22 മാസങ്ങള്‍ക്കു മുമ്പാണ് ബൈജുവിന്റെ ഭാര്യ ബീന അടക്കമുള്ള അഞ്ചു സ്ത്രീകളെ തിരുവനന്തപുരം സ്വദേശിയായ ഷാജഹാന് മുഹമ്മദ്, സുമ്മയ്യ ഷാജഹാന് എന്നിവര്‍ ജോലിക്ക് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവര്‍ക്കു പറഞ്ഞ ജോലിയോ ശമ്പളമോ ആയിരുന്നില്ല അവിടെ ലഭിച്ചത്. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്കിയിരുന്നുമില്ല. കഠിനമായ ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ഇവരെ മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് സ്ത്രീകള്‍ പറയുന്നു. ജോലിയെടുത്തില്ലെങ്കില് ഇനി തിരികെ നാട്ടിലേക്ക് വിടാതെ കള്ളക്കേസില്‍ കുടുക്കുമെന്നു പറഞ്ഞതോടെ ഇവര്‍ ബന്ധുക്കള്‍ക്കു സോഷ്യല്‍ മീഡിയ വഴി വിദേശത്തെ ദുരിത ജീവിതത്തിന്റെ വീഡിയോ അയയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതും മുണ്ടക്കയം സ്വദേശിയുമായ അംബി ജയന് എന്ന സ്ത്രീ ഒമ്പത് മാസങ്ങള്‍ക്കു മുന്‍പ് തിരികെ നാട്ടില്‍ എത്തിയിരുന്നു. അംബി ജയന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ കൂട്ടുകാരായ മറ്റു സ്ത്രീകളെയും സൗദിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് മറ്റു സ്ത്രീകളെ അധിക ജോലി നല്കി പീഡിപ്പിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍, തന്നെ നാട്ടിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
സുമയ്യ ഷാജഹാന് എന്ന സ്ത്രീ ഒരു സൗദി പൗരന്റെ സഹായത്തോടെ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്. ഇയാളുടെ സഹായത്തോടെയാണ് കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് ജോലി നല്‍കുന്നത്. സ്ത്രീകള്‍ ജോലിക്ക് നില്ക്കുന്ന വീട്ടില്‍ നിന്നും അധിക തുക ശമ്പളമായി കൈപ്പറ്റുകയും ജോലിക്കാര്‍ക്ക് കുറച്ച് രൂപ മാത്രം നല്‍കുകയും ചെയ്യുന്നത് ഇവരുടെ രീതിയായിരുന്നു എന്നും ശമ്പളം ചോദിക്കാതെ നാട്ടിലേക്ക് മടങ്ങിപ്പോകുവാന്‍ വേണ്ടിയാകണം സ്ത്രീകളെ മാനസികമായി ഇവര്‍ പീഡിപ്പിക്കുന്നതെന്നും അംബി ജയന് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു.