അബുദാബി: അബുദാബിയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇനി ഗ്യാസൊലൈൻ നിറയ്ക്കാൻ 10 ദിർഹം അധികം നൽകേണ്ടിവരും.
ഈ മാസം മുപ്പതു മുതൽ അബുദാബിയിലെ എല്ലാ അഡ്നോക് പെട്രോൾ സ്റ്റേഷനുകളിലും ഇന്ധനം നിറയ്ക്കുന്നതിനു സഹായം നൽകുന്നയാൾക്ക് അധികം പണം നൽകേണ്ടിവരുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ കന്പനി അറിയിച്ചു.
വയോധികരെയും ശാരീരിക ന്യൂനതയുള്ളവരെയും അധികം പണം നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ മധ്യം മുതൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനു പണം നൽകുന്ന “പ്രീമിയം സർവീസ്’ പൈലറ്റ് പദ്ധതി അഡ്നോക് ഡിസ്ട്രിബ്യൂഷൻ നടപ്പാക്കിയിരുന്നു.
സ്റ്റേഷനുകളിൽ സ്വയം ഇന്ധനം നിറയ്ക്കുന്നതിനു സർവീസ് ചാർജില്ല. സ്വയം ഇന്ധനം നിറയ്ക്കുന്നതിനും നോസിൽ ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾക്ക് കന്പനി പരിശീലനം നൽകുന്നുണ്ട്.
അബുദാബിയെ അബുദാബി, അബുദാബി റീജൻ, നോർത്തേണ്‍ എമിരേറ്റ്സ് എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ചാണ് അഡ്നോക് ഡിസ്ട്രിബ്യൂഷൻ “പ്രീമിയം സർവീസ്’ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമാണ് അബുദാബിയിൽ നടപ്പാക്കുന്നതെന്നും മറ്റു മേഖലകളിൽ അടുത്തുതന്നെ പൈലറ്റ് പദ്ധതികൾ ആരംഭിക്കുമെന്നും അഡ്നോക് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു.