റിയാദ്:നല്ല പട്ടുമെത്തയില്‍ ഉറങ്ങിയ പതിനൊന്നു സൗദി രാജകുമാരന്മാരും മന്ത്രിമാരും ബിസിനസുകാരും ഇന്നലെ കിടന്നുറങ്ങിയത് ആഡംബര തടവറയുടെ തറയില്‍ വിരിയില്ലാ കിടക്കയില്‍. അഴിമതിക്കുറ്റത്തിന് അറസ്റ്റിലായ ഇവരെല്ലാം റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലെ ആഘോഷ മുറികളിലൊന്നിലെ നേര്‍ത്ത കിടക്കയില്‍ പുതച്ചുറങ്ങുന്ന ദൃശ്യങ്ങള്‍ ഡെയ്ലി മെയ്ലാണു പുറത്തുവിട്ടത്.
കിടക്കാനൊരു കട്ടിലുപോലുമില്ലാതെ കഴിഞ്ഞുകൂടുന്നവരുടെ ചിത്രങ്ങളില്‍ സൗദി രാജാവിന്റെ അനന്തരവനും കോടീശ്വരനുമായ അല്‍വലീദ് ബില്‍ തലാലുമുണ്ട്. 18 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള തലാലിനു ട്വിറ്ററിലും ലിഫ്റ്റിലും സിറ്റി ഗ്രൂപ്പിലുമടക്കം വന്‍ നിക്ഷേപമാണുള്ളത്.
രാജകുമാരന്മാരുടെ അറസ്റ്റിന് ഉത്തരവിട്ട കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നതിനു പിന്നാലെയാണ് അവരുടെ തടവറ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയം. സല്‍മാന്‍ രാജകുമാരനിലും കിരീടാവകാശിയിലും തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു ഏഷ്യാ സന്ദര്‍ശനത്തിനിടെ ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയില്‍ ട്രംപിന്റെ വാക്കുകള്‍. അവര്‍ ചെയ്യുന്നത് അവര്‍ അറിയുന്നുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ ഊറ്റിയവരെയാണ് അവര്‍ ശിക്ഷിച്ചതും- ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ വാക്കുകള്‍ക്കു പിന്നില്‍ അല്‍- വലീദ് രാജകുമാരനോടുള്ള വിരോധം ഒളിഞ്ഞിരിപ്പുണ്ടെന്നു കരുതുന്നവരും കുറവല്ല.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനിട്ട് വാലീദ് ഒന്നു കുത്തിയിരുന്നു.അതേ സമയം, അല്‍വലീദ് ബില്‍ തലാല്‍ രാജകുമാരന്റെ ജയില്‍ വാസം മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിനു തിരിച്ചടിയാകുമെന്നു സൂചനയുണ്ട്. ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്സിന്റെ തലപ്പത്ത് അല്‍വലീദിന്റെ പിന്തുണയോടെയാണു മര്‍ഡോക് തുടര്‍ന്നത്. കമ്പനിയുടെ ഓഹരി ഉടമകളുടെ വാര്‍ഷിക യോഗം നാളെയാണു ചേരുന്നത്. ഇപ്പോള്‍ കമ്പനിയുടെ 14 ശതമാനം ഓഹരി മാത്രമാണു മര്‍ഡോക് കുടുംബത്തിനുള്ളത്. അല്‍വലീദിന് അഞ്ച് ശതമാനവും. അല്‍വലീദ് അഴിക്കുള്ളിലായതോടെ കമ്പനിയിലെ മര്‍ഡോക് വിരുദ്ധര്‍ ശക്തി പ്രാപിക്കുമെന്നാണു സൂചന. എന്തായാലും സൗദി രാജകുമാരന്മാര്‍ക്ക് പുതിയൊരു അനുഭവമാകുമിത്.