റിയാദ്: സൗദി അറേബ്യയിൽ ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടുനിൽക്കും. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും.
റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്സ്ചേഞ്ച് സെന്ററുകളുടെയും പേയ്മെന്റ് കമ്പനികളുടെയും പ്രവർത്തനസമയം വ്യത്യസ്തമാണ്.
രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് സെന്ററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.