കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്‍കിയിട്ടും സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്ന സാഹചര്യത്തില്‍ മകനെ കാണാൻ അമ്മ റിയാദിലേക്ക് പോകുന്നു. പരാതിക്കാരനായ സൗദി പൗരന്റെ കുടുംബം മാപ്പുനല്‍കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നിട്ടും മോചനം അനിശ്ചിതമായി നീളുമ്പോഴാണ് അമ്മ ഫാത്തിമ റിയാദിലേക്ക് പോകുന്നത്. മോചനം വൈകുന്ന സാഹചര്യത്തില്‍ റഹീമിനെ കാണണമെന്നുള്ള അമ്മയുടെ ആഗ്രഹം നിറവേറ്റാനായി റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമയ്ക്കൊപ്പം പോകുന്നുണ്ട്. റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഉടന്‍ പുറപ്പെടുമെന്ന് സഹോദരന് നസീര്‍ പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റഹീം ജയിലിലാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേസിന്റെ വിശദ വിവരങ്ങള്‍ പരിശോധിച്ച കോടതി വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അംബർ, എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ ഉൾപ്പെടെയുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു.
വധശിക്ഷ റദ്ദാക്കിയ ബഞ്ചിന്റെ അടുത്ത സിറ്റിംഗ് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അബ്ദുള്‍ റഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്. നാട്ടില്‍ ഡ്രൈവറായിരുന്ന റഹീം 2006ലാണ് സൗദിയില്‍ ജോലിക്ക് എത്തിയത്. സ്പോണ്‍സറായ സൗദി പൗരന്റെ മകന് മരിച്ച കേസിലാണ് റഹീം ജയിലിലായത്.