റിയാദ്: അവിവാഹിതരായ വിദേശ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയെടുക്കാനുള്ള അനുമതി നൽകി സൗദി അറേബ്യ. ടൂറിസം വ്യവസായം വളർത്താനുള്ള സൗദി സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. നേരത്തെ സ്ത്രീ-പുരുഷന്മാർക്ക് ബന്ധം തെളിയിക്കാതെ ഹോട്ടലിൽ താമസിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.
വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിനു പിന്നാലെയാണ് സൗദി പുതിയ ഇളവ് അനുവദിച്ചത്. ഇതോടൊപ്പം സൗദി വനിതകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഹോട്ടലിൽ ഒറ്റയ്ക്ക് മുറിയെടുക്കാനും അനുമതി ലഭിച്ചു. സൗദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തിലേക്ക് ആകർഷിക്കുന്നതിനാണ് സൗദി മാറ്റങ്ങൾക്ക് ഒരുങ്ങിയത്. 49 രാജ്യങ്ങളിലെ പൗരന്മാർക്കാണ് സൗദി ടൂറിസ്റ്റ് വീസ അനുവദിച്ചത്. ടൂറിസ്റ്റുകൾക്ക് വീസ ഓൺ അറൈവൽ, ഇ വീസാ സൗകര്യം സൗദി ലഭ്യമാക്കിയിരുന്നു.
വിദേശവനിതകൾക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിരുന്നു. അവർ പർദ ധരിക്കേണ്ടതില്ല. എന്നാൽ മദ്യ നിരോധനത്തിൽ സൗദി മാറ്റം വരുത്തിയിട്ടില്ല.