കോവിഡ് രോഗിയെ വധശിക്ഷയ്ക്കു വിധേയനാക്കാനുറച്ച് സൗദി ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ഇതിനാധാരമായ സംഭവം നടന്നത്.
ഹെയ്‌ലി പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്.
തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല.
ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
അയാള്‍ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഇയാള്‍ക്ക് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നു ഇയാള്‍ മാളില്‍ നടത്തിയതെന്നും ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന ആവശ്യവുമായി സൗദി പോലീസ് എത്തിയത്.
ചികിത്സയ്ക്കു ശേഷമായിരിക്കും ഇയാളുടെ വധശിക്ഷ നടപ്പാക്കുക. ഇതുവരെ 1012 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.