റിയാദ്: സൗദിയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ സ്ത്രീകൾക്കായി വാതിൽ തുറക്കുന്നു. തലസ്ഥാനമായ റിയാദിൽ ഈ മാസം 12ന് അൽ അഹ്ലി- അൽ ബാറ്റിൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാർത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഇത് ആദ്യമായാണ് സ്ത്രീകൾക്കു ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങൾക്കും സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സൗദിയിൽ കായിക മത്സരങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിൽനിന്നും സ്ത്രീകളെ വിലക്കിയിരുന്നു. യാത്ര ചെയ്യണമെങ്കിലും പഠിക്കണമെങ്കിലും സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്റെ അനുവാദം ആവശ്യമാണെന്നതാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.
എന്നാൽ അടുത്തിടെ ഇത്തരം കടുത്ത നിയന്ത്രണങ്ങളിൽ സൗദി ഭരണകൂടം അയവുവരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂണിൽ സ്ത്രീകൾക്കു വാഹനം ഓടിക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു.