റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയില്ലാതെ തന്നെ വിദേശയാത്രകൾക്ക് സൗദി ഭരണകൂടം സ്ത്രീകൾക്ക് അനുമതി നൽകി. ഇരുപത്തിയൊന്നു വയസിനു മുകളിലുള്ള എല്ലാ വനിതകൾക്കും പുരുഷ രക്ഷകർത്താക്കളുടെ അംഗീകാരമില്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കാം.
ഇതോടെ പുരുഷനും സ്ത്രീകളുമടക്കം എല്ലാ മുതിർന്നവർക്കും പാസ്പോർട്ടിനും വിദേശയാത്രകൾക്കും തുല്യ നിയമമായി. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റർ ചെയ്യുന്നതിനും വനിതകൾക്ക് അനുമതി നൽകി. വെള്ളിയാഴ്ച മുതലാണ് സ്ത്രീസൗഹൃദമായ ചരിത്ര നിയമം നിലവിൽവന്നത്. ലിംഗഭേദം, വൈകല്യം എന്നീ വിവേചനങ്ങൾ കൂടാതെ എല്ലാ പൗരന്മാർക്കും തുല്യമായ ജോലി ചെയ്യാനുള്ള അവകാശവും ഈ നിയമം നൽകുന്നു.
പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിലോ വിദേശയാത്ര നടത്തണമെങ്കിലോ സൗദി വനികൾക്ക് ഇതുവരെ ഭർത്താവിന്റെയോ പിതാവിന്റോയെ അതല്ലെങ്കിൽ അടുത്ത ബന്ധമുള്ള പുരുഷ രക്ഷകർത്താവിന്റേയോ അംഗീകാരം ആവശ്യമായിരുന്നു. നേരത്തെ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നു. 2018 ജൂൺ 24 മുതൽ ഇതുവരെയുള്ള കാലയളവിൽ 1,20,000 ലേറെ വനിതകളാണ് സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയത്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.