ഒരൊഴിവില്ലാതെ പണിയെടുത്ത് മടുത്തു എന്ന് സൗദിയിലെ സ്ത്രീത്തൊഴിലാളികൾ ഇനി പറയില്ല. സൗദിയിൽ വനിതകൾക്ക് ജോലിക്കിടയിൽ വിശ്രമം നിർബന്ധമാക്കി അധികൃതർ നിയമവ്യവസ്ഥകൾ കർശനമാക്കിയപ്പോൾ നിരവധി സ്ത്രീത്തൊഴിലാളികൾക്കാണ് അത് ആശ്വാസം പകരുന്നത്.
സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന വനിതകളുടെ കാര്യത്തിലാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടിരിക്കുന്നത്. സ്വകാര്യമേഖലയിൽ ജോലിക്കിടയിൽ വനിതകൾക്ക് വിശ്രമത്തിന് സമയം അനുവദിക്കണമെന്ന നിബന്ധനയാണ് കർശനമാക്കിയത്.
വിശ്രമിക്കാനോ നമസ്കാരത്തിനോ സമയം അനുവദിക്കാതെ തുടർച്ചയായി അഞ്ചുമണിക്കൂറിലധികം സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിബന്ധന. ഒരു തവണ വിശ്രമത്തിന് നൽകുന്ന സമയം അരമണിക്കൂറിൽ കുറവാകരുതെന്നും പറയുന്നു. വിശ്രമസമയത്ത് തൊഴിൽ സ്ഥലത്ത് കഴിയാൻ വനിത ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്.മാതൃകയാക്കണം ഈ നിർദ്ദേശങ്ങൾ ഏവരും.