പത്തുലക്ഷത്തിലധികം ഹൗസ് ഡ്രൈവർമാർ, അതിൽ 98 പേർ വനിതാ ഹൗസ് ഡ്രൈവർമാർ. ഇത്രയേറെ ഹൗസ് ഡ്രൈവർമാരുള്ള സ്ഥലമേതെന്നല്ലേ – നമ്മുടെ സൗദി അറേബ്യ. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകളിലാണ് സൗദിയിലെ ഹൗസ് ഡ്രൈവർമാരായ വിദേശികളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
ഇതാദ്യമായാണ് സൗദിയിൽ വിദേശ വനിതകൾ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കാര്യം തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലോകം വളരെ കൗതുകത്തോടെയാണ് ഈ കണക്കുകൾ ശ്രദ്ധിച്ചത്.
സൗദിയിലെ ഗാർഹിക തൊഴിലാളികളിൽ 56 ശതമാനത്തിലേറെ പേരും ഹൗസ് ഡ്രൈവർമാരത്രെ. വാച്ച്മാൻമാരായി ജോലി ചെയ്യുന്നവരുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. 33,426 വിദേശികൾ വീടുകളിലും കെട്ടിടങ്ങളിലും വാച്ച്മാൻമാരായി ജോലിചെയ്യുന്നു. ഇക്കൂട്ടത്തിൽ 15 വനിതകളുണ്ട്.
ഹൗസ് മാനേജർമാരായി 2405 പേരാണ് വിദേശികൾ ജോലി നോക്കുന്നത്. ഇതിൽ 975 സ്ത്രീകളുണ്ട്. ലേഡീസ് ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി വിവിധ പ്രവിശ്യകളിൽ പതിനാല് ലേഡീസ് ഡ്രൈവംഗ് സ്കൂളുകൾ സജ്ജമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി വനിതകൾക്ക് സൗദി ഡ്രൈവിംഗ് ലൈസൻസുകൾ നൽകാൻ 22 സെന്ററുകളും തുറന്നിട്ടുണ്ട്.