കൊച്ചി: നിറവയറുമായി സൗദി അറേബ്യയില്‍നിന്നു ജന്മനാട്ടിലെത്തിയ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്കി. കഴിഞ്ഞ ചൊവ്വാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കൊല്ലം സ്വദേശിനി ഷാഹിനയാണ് കളമശേരി മെഡിക്കല്‍ കോളജിൽ സിസേറിയനിലൂടെ കുഞ്ഞിനു ജന്മം നല്‍കിയത്.
നെടുന്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയയുടൻ അസ്വസ്ഥത അനുഭവപ്പെട്ട ഷാഹിനയെ പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തില്‍ ഡോ. അഞ്ജു വിശ്വനാഥ്, ഡോ. അനില്‍കുമാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്കും അമ്മയ്ക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ഇരുവരും സുഖമായിരിക്കുന്നു.
പൂര്‍ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളും ഭര്‍ത്താവ് അഹമ്മദ് കബീറുമുണ്ടായിരുന്നു. സൗദിയില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുകയാണ് അഹമ്മദ്.
174 യാത്രക്കാരാണ് ദമാം-കൊച്ചി വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയത്. ഇതില്‍ 10 വയസില്‍ താഴെയുള്ള 20 കുട്ടികളും 76 ഗര്ഭിണികളുമാണുണ്ടായിരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന. കഴിഞ്ഞ ദിവസം നേവി കപ്പലില്‍ മാലദ്വീപില്നിന്നെത്തിയ പത്തനംതിട്ട സ്വദേശിനി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.