റിയാദ്: ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ പൊതു സ്ഥലങ്ങളിൽവച്ച് ചുംബിക്കുകയോ ചെയ്യരുതെന്ന് സൗദി. നിയമം ലംഘിച്ചാൽ വിദേശികളായ വിനോദസഞ്ചാരികളാണെങ്കിൽപ്പോലും കനത്ത പിഴയീടാക്കുമെന്ന് സൗദി വ്യക്തമാക്കി.
പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങൾ സംബന്ധിച്ചും സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിൽവച്ചു സ്നേഹപ്രകടനങ്ങൾ പാടില്ല, മാന്യമായ വസ്ത്രങ്ങൾ സ്ത്രീകൾക്കു ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയിൽ പറയുന്നത്.
വിദേശികൾക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമായാണ് സൗദി ടൂറിസ്റ്റ് വീസ ഇഷ്യു ചെയ്യുന്നത്. വിദേശവനിതകൾക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവർ പർദ ധരിക്കേണ്ടതില്ല. 49 രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് വീസ ഓൺ അറൈവൽ, ഇ വീസാ സൗകര്യം പ്രയോജനപ്പെടുത്താം.
ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നു ടൂറിസം മേധാവി അഹമ്മദ് അൽ ഖത്തീബ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.