അൽഅഹ്സ: ഖത്തറിൽനിന്ന് ചതിയിലൂടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യൻ യുവാവ് ദുരിതത്തിലായത് ഏഴ് ആണ്ട്.
ഉത്തർപ്രദേശ് വാരാണാസി സ്വദേശി അസാബ് കടന്നത് കനൽ ജീവിതത്തിലൂടെ. ഒടുവിൽ അൽഅഹ്സയിലെ മലയാളി സാമൂഹികപ്രവർത്തകരുടെ കാരുണ്യത്താൽ ഈ 42കാരൻ രക്ഷപ്പെട്ട് നാടണഞ്ഞു.
നല്ലൊരു പാചകക്കാരനായിരുന്നു ഈ യുവാവ്. കുടുംബത്തിന്റെ പ്രാരാബ്ധത്തിന്റെ ഭാരവും പേറിയാണ് 2016 സെപ്റ്റംബറിൽ പാചകക്കാരന്റെ വിസയിൽ ഖത്തറിൽ വിമാനമിറങ്ങിയത്.
പക്ഷേ, ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു കാത്തിരുന്നത്. ഖത്തറിലെ സ്പോൺസർ അനധികൃതമായി സൗദിയുടെ അതിർത്തി കടത്തി മരുഭൂമിയിലെ തന്റെ ഒട്ടകക്കൂട്ടത്തിന് അടുത്തെത്തിച്ചു. 40ഓളം ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി.
വിസയോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെ, രാവും പകലുമില്ലാതെ, ശരിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാതെയുള്ള കഷ്ടപ്പാടേറിയ ഫാമിലെ (മസറ) കഠിന ദിവസങ്ങളുടെ തുടക്കമായിരുന്നു.
ദുരിതംനിറഞ്ഞ ഒട്ടക ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ വഴികാണാതെ മാസങ്ങളും വർഷങ്ങളും ഇതിനിടെ കടന്നുപോവുകയായിരുന്നു.
നാട്ടിൽ നിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രം പ്രായമായിരുന്ന തന്റെ ഏക മകളെയും പ്രിയപ്പെട്ട ഭാര്യയേയും പ്രായമായ അമ്മയേയും ഇനിയെന്നു കാണാനാവുമെന്നറിയാതെ നിരാശപ്പെട്ട് അനിശ്ചിതത്വം നിറഞ്ഞ് തള്ളിനീക്കുകയായിരുന്നു നാളുകൾ.