അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്കി സൗദി സഖ്യസേന.
യമനിലെ ഹൂതി ശക്തികേന്ദ്രമായ സനായിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. സനയിൽ വ്യോമാക്രമണം ആരംഭിച്ചതായി സൗദിയുടെ ഔദ്യോഗി വാർത്താ ഏജൻസി ട്വിറ്ററിൽ അറിയിച്ചു.
ഹൂതികളുടെ വാർത്താ ചാനലായ അൽ-മസീറ ടിവി സഖ്യസേനയുടെ ആക്രമണം സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ അക്രമണങ്ങളില്‍ ഹൂതികളുടെ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു.
അബുദാബിയിലെ മുഹമ്മദ് ബിൻ സയീദ് നഗരത്തിൽ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പെട്രോളിയം സംഭരണടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടിരുന്നു.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മുസാഫാ ഐസിഎഡി 3 മേഖലയിലെ മൂന്നു സംഭര ണടാങ്കാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ആറു പേർക്കു പരിക്കേറ്റു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കി. ചെങ്കടലിൽ യുഎഇ ചരക്കുകപ്പലിലെ ഏഴ് ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരെ ഹൂതികൾ ബന്ദികളാക്കിയതിനു പിന്നാലെയാണു പുതിയ സംഭവം.
മുസാഫയി ലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചതായി യുഎഇ അറിയിച്ചെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ജനുവരി രണ്ടിനു ഹൂതികൾ പിടിച്ചെടുത്ത യുഎഇ ചരക്കുകപ്പലിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 11 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാരുടെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ അധികൃതർ പറഞ്ഞു.