അബുദാബി: തലസ്ഥാനനഗരിയിലെ അഗ്നിശമന സേനയിലേക്ക് റോബോട്ട് എത്തി. തീയണക്കാനുള്ള സംഘത്തിൽ ഇനി റോബോട്ടും എത്തും. ടാഫ് 35 എന്ന റോബട്ട് കഴിഞ്ഞ ദിവസമാണ് ജോലിക്കു കയറിയത്.
300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും ടാഫിനു സാധിക്കും. റിമോട്ട് കണ്ട്രോളിൽ നിയന്ത്രിക്കപ്പെടുന്ന റോബട്ട്, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ഓടിയെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടും . സന്ദർഭത്തിനനുസരിച്ച് പ്രവർത്തനങ്ങൾ സ്വയം നിയന്ത്രിക്കാനും ശേഷിയുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.
ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി അതിനാവശ്യമായ ശക്തിയിലും വ്യാപ്തിയിലും വെള്ളം ചീറ്റി നിമിഷങ്ങൾ കൊണ്ട് തീയണക്കുമെന്നു സിവിൽ ഡിഫൻസ് ഉപമേധാവി മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു.
കെട്ടിടങ്ങൾ, ഭൂഗർഭ പാത, ഓയിൽ റിഫൈനറികൾ, കെമിക്കൽ ഫാക്ടറികൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ തീ കെടുത്താൻ ഏറെ സഹായപ്രദമാകും ഈ റോബോട്ട് . ഇറ്റാലിയൻ എൻജിനീയറിംഗ് കന്പനിയായ എമി കണ്ട്രോൾസും ജർമൻ കന്പനിയായ മഗിറസും ചേർന്നാണ് റോബട്ടിനെ വികസിപ്പിച്ചെടുത്തത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള