പെരിന്തൽമണ്ണ: ജനിക്കുന്പോൾ തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ സൗദി ബാലന് ആയുർവേദ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്കു മടക്കം. സൗദി ദന്പതികളായ അവാദ് മുഹമ്മദ്-സാൻഡോസ് അബ്്ദുൾ അസീസ് എന്നിവരുടെ മകൻ ഫഹദ് (ആറ്) ആണ് പെരിന്തൽമണ്ണയിലെ അമൃതം ആയുർവേദ ആശുപത്രിയിലെ ഡോ പി.കൃഷ്ണദാസിന്റെ ചികിത്സയിൽ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്നത്.
ആറുമാസമായി പെരിന്തൽമണ്ണയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫഹദ് കുടുംബത്തോടൊപ്പം ചികിത്സ പൂർത്തിയാക്കി സൗദിയിലേക്കു മടങ്ങും.
ആറുവർഷം മുന്പ് സാൻഡോസ് അബ്്ദുൾ അസീസിനു ഒറ്റ പ്രസവത്തിലുണ്ടായ മൂന്നു മക്കളിൽ ഒരാളാണ് ഫഹദ്. ഒരു കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചു. മറ്റൊരാൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു. ഫഹദിനാകട്ടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് സംസാരിക്കാനും നടക്കാനും കഴിയാതെയായി.
സൗദിയിൽ പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അമൃതം ആശുപത്രിയിൽ നേരത്തെ ചികിത്സയ്ക്കു വിധേയനായ ഒരു സൗദി പൗരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ.കൃഷ്ണദാസിനെ ബന്ധപ്പെട്ടത്. ഡോക്ടറുടെ നിർദേശ പ്രകാരം കഴിഞ്ഞ വർഷം സെപ്തംബറിൽ ഫഹദ് തന്റെ മാതാവിനോടൊപ്പം പെരിന്തൽമണ്ണയിലെത്തി.
ചികിത്സയുടെ പ്രാഥമിക ഘട്ടം കഴിഞ്ഞതോടെ ഫഹദിന്റെ നട്ടെല്ല് സാധാരണ നിലയിലാകുകയും സംസാരശേഷി ലഭിക്കുകയും ചെയ്തു. വിവിധ ആയുർവേദ ചികിത്സാ രീതികൾക്കൊപ്പം നടക്കാനും സംസാരിക്കാനുമുള്ള പരിശീലനങ്ങൾ, ഹൈഡ്രോ തെറപ്പി ഫിസിയോ തെറപ്പി തുടങ്ങിയയും വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകിയതോടെ ഫഹദ് ജിവിത്തിലേക്ക് തിരിച്ചെത്തി.
ഡോ. പി. കൃഷ്ണദാസ്, ഡോ.ഷീബാ കൃഷ്ണദാസ്, ഡോ.നീതു തോമസ് തുടങ്ങിയവരുടെയും സീനിയർ തെറപ്പിസ്റ്റുമാരായ ഷണ്മുഖൻ, വിജേഷ് വസന്ത, സുലോചന തുടങ്ങിയവരുടെയും കൂട്ടായ ശ്രമത്തിലൂടെ ഫഹദിനു ലഭിച്ച സൗഭാഗ്യത്തിൽ നന്ദി പറഞ്ഞാണ് ഈ കുടുംബം സൗദിയിലേക്കു തിരിച്ചു പോകുന്നത്.